മധ്യ ഡൽഹിയിലെ നീതി ആയോഗ് ആസ്ഥാനമായ നീതി ഭവൻ അടച്ചു. നീതി ആയോഗ് ഡയറക്ടർക്ക് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയത്. എപ്പിഡമിക്ക് പ്രോട്ടോക്കോൾ പ്രകാരമാണ് നടപടിയെന്ന് നീതി ആയോഗ് അധികൃതർ വ്യക്തമാക്കി. 48 മണിക്കൂർ നേരത്തേക്കാണ് ഓഫീസ് അടച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അടിയന്തരമായി ഓഫീസ് അടക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. മറ്റ് ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കും. നീതി ആയോഗ് കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ വ്യോമയാന മന്ത്രാലയ ആസ്ഥാനം അടച്ചിരുന്നു. ഏപ്രിൽ 15 നാണ് ഇയാൾ മന്ത്രാലയം സന്ദർശിച്ചത്. സുപ്രീം കോടതിയിൽ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുമായി ഇടപെട്ടെന്ന സംശയത്തെ തുടർന്ന് രണ്ട് രജിസ്ട്രാർമാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്