ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. കോട്ടയം നീഴൂർ സ്വദേശി രാജമ്മ മധുസൂദനനാണ് മരിച്ചത്. 61 വയസായിരുന്നു. രജോറി ഗാർഡന് സമീപമുള്ള ശിവജി നഴ്സിംഗ് ഹോമിലെ നഴ്സായിരുന്നു. പുലർച്ചെ 2-30 ഓടെയാണ് അന്ത്യം സംഭിവച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നഴ്സമായ മകളും ഭർത്താവും കൊവിഡ് നിരീക്ഷണത്തിലാണ്. പരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിച്ചേക്കും. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം അംബിക എന്ന നഴ്സ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
ഡൽഹിയിൽ എംയിസിൽ ആരോഗ്യ പ്രവർത്തകരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ എയിംസ് ഡയറക്ടറുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു കൊവീഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൊവിഡ് വാർഡിലുള്ളവരുടെ പ്രവൃത്തി സമയം 4 മണിക്കൂറാക്കി ചുരുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ജോലിചെയ്യേണ്ടി വരുന്നതിലും, കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗബാധിതർ ആകുന്ന സാഹചര്യത്തിലുമാണ് സമരം ആരംഭിച്ചത്. നേരത്തെ എയിംസിലെ മലയാളി ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.