പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്സി ഡ്രൈവറാണ് കേസിലെ പ്രതി. അപകടത്തിൽ പെട്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിലാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ട് തന്നെ ഇയാളുടെ അറസ്റ്റ് ഈ ഘട്ടത്തിൽ സാധ്യമല്ല. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസം 28 നാണ് സുരക്ഷാ ജീവനക്കാരനായ പിഎം ജോൺ കൊല്ലപ്പെട്ടത്. ജോണിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സാഹായകരമായത്. പാലക്കാട് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരച്ചറിഞ്ഞു.
ചോദ്യ ചെയ്യലിലൂടെ മാത്രമെ കൊലപാതകത്തിന്റെ ലക്ഷ്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ. അർദ്ധരാത്രിയിൽ വനിതാ ഹോസ്റ്റൽ പരിസരത്ത് ഇയാൾ എത്തിയത് എന്തിനാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ പേരും മറ്റ് വിശദാംശങ്ങളും പൊലീസ് ഉടൻ വെളിപ്പടുത്തും. ആശുപത്രിയിലുള്ള പ്രതിക്ക് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെട്ടാൽ കേസ് റജിസ്റ്റർ ചെയ്ത് മറ്റ് നടപടികളിലേക്ക് കടക്കും.