തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരായ അഴിമതിക്കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന സൂചനകള്‍ നല്കി വിജിലന്‍സ്. മന്ത്രിയായിരിക്കെ ബിനാമികളുടെ പേരില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടി എന്ന ആരോപണത്തില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് പലവട്ടം ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ഇടപാടുകളില്‍ ശിവകുമാറിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന രേഖകള്‍ ലഭിച്ചിട്ടില്ല എന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ശിവകുമാറിന്റെ കൂട്ടുപ്രതികളുടെയും മറ്റ് സുഹൃത്തുക്കളുടെയും സ്വത്തുവകകളില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാല്‍ ശിവകുമാറിനെ ഇതുമായി ബന്ധപ്പെടുത്തുന്ന ലിങ്കുകളുടെ അഭാവമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഇതിനായി പത്തുവര്‍ഷം മുന്പുമുതലുള്ള രേഖകളുടെ പരിശോധന വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍ അതുകൊണ്ടുതന്നെ അന്വേഷണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ല എന്നാണ് വിജിലന്‍സ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
ശിവകുമാര്‍ തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയെന്ന ആരോപണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭൂമിയിടപാട് രേഖല്‍ ലഭിക്കുന്നതിനായി വിജിലന്‍സ് റജിസ്ട്രെഷന് വകുപ്പിനെ സമീപിച്ചിട്ടുണ്ട്.