തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസങ്ങളിലായി ശക്തമായി പെയ്ത മഴയില്‍ കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു. കാഞ്ഞിരപ്പളളി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. മൂലമറ്റം താഴ്വാരം കോളനിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. 24 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് ഇവിടുത്തെ സ്ഥിതി രൂക്ഷമാക്കിയത്. ഇടുക്കിയിലെ മലയോര മേഖലയിലും പത്തനംതിട്ടയിലെ മല്ലപ്പളളിയിലും കനത്ത നാശനഷ്ടമാണുണ്ടായത്.
ഒക്ടോബര്‍ 21-വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കനത്ത മഴ മൂലം ഡാമുകളില്‍ ജലനിരപ്പ് സംഭരശേഷിയുടെ പരമാവധിയോടടുക്കുകയാണ്. ജലനിരപ്പുയർന്നതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട് അണക്കെട്ട് തുറന്നു. പത്തുമുതല്‍ പതിനഞ്ച് സെന്റീമീറ്ററാണ് തുറന്നത്. ഉച്ചയോടെ പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും ഷോളയാര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്. തെന്മല ഡാമിന്റെ ഷട്ടറുകളും തുറക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132 അടിയായി. പരമാവധി 142 അടിയാണ് മുപ്പപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി.