LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

ഫീച്ചർ ഫിലിമുകളുടെ ബോൺസായി പതിപ്പാണ് ഹ്രസ്വചച്ചിത്രങ്ങൾ എന്നു നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ നിശ്ചയമായും ബ്രാൽ എന്ന ഈ ചെറു സിനിമ കാണണം. 

പിടികൊടുക്കാതെ കൊതിപ്പിച്ച് വഴുതി മുന്നേറുന്ന ഡ്രിബിളിങ്ങിൻ്റെ ചക്രവർത്തി, ബ്രാൽ!  ബ്രാൽ ഈ ചെറിയ, വലിയ സിനിമയിൽ ചെറുതോ വലുതോ ആയ മീനല്ല. അതൊരു രൂപകമാണ്. സർവ്വ സന്നാഹങ്ങളോടെ മാർക്ക് ചെയ്താലും പ്രതിരോധിച്ചാലും ഒറ്റ ഇംപൾസിൽ വഴുതിപ്പോകുന്ന ജീവിതം.

ഫുട്ബോളിലെ ഡ്രിബിളിങ്ങിൽ മനോയുദ്ധമുണ്ട്. ഇടതുവശത്തൂടെ വെട്ടിച്ച് മുന്നേറുന്ന ശരീരഭാഷാസൂചന എതിരാളിക്ക് സമ്മാനിച്ച്,  നിങ്ങൾ വലതു വശത്തൂടെ കബളിപ്പിച്ച് മുന്നേറുന്നു. ഇത് അപരനുമറിയാം. വലതു വശത്തേക്ക് അയാളുടെ അധിക ശ്രദ്ധയുണ്ട്. അയാളുടെ കണക്കുകൂട്ടൽ നിങ്ങൾക്കറിയാം. നിങ്ങൾ ഇടതുവശത്തൂടെ മുന്നേറാൻ  തീരുമാനിക്കുന്നു. അതയാൾ മണത്തറിയുന്നു. ഒറ്റനിമിഷത്തിനുള്ളിൽ മനസ്സിലൂടെ മിന്നിമറയുന്ന അസംഖ്യം ഫ്രെയിമുകള്‍. ഗൂഢാലോചനകൾ!. മനുഷ്യബന്ധങ്ങളിൽ ഈ ഡ്രിബിളിങ്ങ് ഉണ്ട്. മനസ്സിൻ്റെ വഴുക്കൻ പ്രതലങ്ങളിലുള്ള ചൂണ്ടലിടൽ. ഇംപൾസീവായ നിമിഷങ്ങൾ സമ്മാനിക്കുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ. ജീവിതം. സിനിമ. ഫുട്ബോൾ. ബ്രാൽ. ബ്രാവോ! ബ്രാവോ! ബ്രാവോ!

ബന്ധങ്ങൾ, പൊറുക്കാവുന്ന ചെറിയ ചെറിയ നുണകൾ. അലസനും മടിയനും ഉത്തരവാദിത്തമില്ലാത്തവനുമായ മധ്യവയസ്ക നായകൻ.വൈകിയ രാത്രിയിലെ പാവം പിടിച്ച കാമയാചനയിൽ പക്ഷേ അയാളിലെ കർമഭടൻ ഉണ്ട്. കരഗതമാകുമ്പോഴേക്കും അഭിലാഷലോകം വഴുതിപ്പോയി. ബ്രാൽ!

പ്രായോഗിക കാര്യങ്ങളിൽ ഉദാസീനനായ ഭർത്താവിൽ അതൃപ്തയായ ഭാര്യ. കറിവെയ്ക്കാൻ ഒന്നുമില്ല. ജനാല ശരിപ്പെടുത്താൻ ആശാരിയെക്കൊണ്ടു വരാൻ പറഞ്ഞിട്ട് നാളുകളനവധിയായി. ഉത്തരവാദിത്തങ്ങളിൽ നിന്നു വഴുതുന്ന ഭർത്താവ്. ബ്രാൽ! 

അയൽപക്കത്തെ ദമ്പതികളാവട്ടെ പരസ്പരം നീക്കങ്ങളെ  കൃത്യമായി പ്രവചിച്ച്, വഴുതാനുള്ള രണ്ടു കൂട്ടരുടെയും സാധ്യതകളെ മനശാസ്ത്രപരമായി മെരുക്കുന്ന ഡിഫൻ്റർമാർ. ഫിഷ് ടാങ്കിലെ രണ്ട് ബ്രാലുകൾ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശാരിയുടെ പിന്നാലെ സൈക്കിളിൽ അയാളെ പിടികൂടാൻ നായകൻ ഓടിച്ചു വിടുന്ന സീനുണ്ട്. സൈക്കിളിലെ സോക്കർ കളി. ആശാരി ഒന്നാന്തരം ബ്രാൽ! ഇതാ കിട്ടി കിട്ടിയില്ലെന്നായപ്പോൾ, വിധിയാവട്ടെ സൈക്കിളിൻ്റെ പഞ്ചർ രൂപത്തിൽ വിശ്വരൂപം കാണിച്ചു. ജീവിതം, ഡ്രിബിൾ ചെയ്ത് നമ്മെ പണ്ടാറടക്കുന്ന വഴുവഴുക്കുന്ന ഒരു ബ്രാൽ!

കുളത്തിൽ മീൻ പിടിക്കാൻ പോകുന്ന നായകൻ. മീൻ വേട്ടയ്ക്ക് വേണ്ട അവധാനതയോ ക്ഷമയോ മിടുക്കോ അയാൾക്കില്ല. അതുള്ള ഒന്നാന്തരം കളിക്കാരനൊരാൾ അവിടെയുണ്ട്.

ഒരാൾ പന്തു നേടുമ്പോൾ അപരനത്  നഷ്ടമാകുന്ന കാൽപ്പന്തുകളിയാണ് ജീവിതം

സർവ്വരെയും ഞെട്ടിച്ച്  ജീവിതത്തിൻമേൽ ഒരു പിടിയുമില്ലാത്ത നായകൻ്റെ ചൂണ്ടലിൽ കൂറ്റനൊരു ബ്രാൽ പിടയുന്നു.  ഓർക്കാപ്പുറത്തെ നിമിഷമാണ് ഞെട്ടലെന്നെഴുതിയത് മേതിലാണ്. ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചലാണ് ജീവിതം എന്ന് ഈ സിനിമ!

ഗ്രാമത്തിൻ്റെ ആരാധനയും അസൂയയും ഏറ്റുവാങ്ങി ബ്രാലുമായി വീട്ടിലേക്ക്. അപ്പോഴേക്കും സൈക്കിളിൻ്റെ പഞ്ചറും ശരിയായി. ശരിയായി വരുമ്പോൾ എല്ലാം ശരിയാവുന്നു.

വീട്ടിലെത്തുമ്പോൾ തനിക്കു കണ്ടൂടാത്ത അമ്മായിയച്ഛനുണ്ട്. ആൾ പോകാനിറങ്ങുകയാണ്. ബ്രാലിലാണ് അങ്ങേരുടെ കണ്ണ്.

ബ്രാലിനെ നന്നാക്കാമെന്ന ഭാര്യയുടെ വാഗ്ദാനത്തെ അയാൾ ഗൗനിക്കുന്നില്ല. ദാമ്പത്യം ഒരു രാഗദ്വേഷ കളിവ്യവസ്ഥയാകുന്നു. രണ്ടുപേർക്കും ഒരേ നിമിഷം ജയിക്കാനാവാത്ത കളി. സമനില ആ കളിയിൽ വിരളമാണ്. മക്കൾ ആ ആഘോഷത്തിൽ പങ്കുചേരുന്നു. ബ്രാലുൽസവത്തിൽ നിന്നു പുറത്താക്കപ്പെട്ട ഭാര്യ കുശുമ്പെടുക്കുന്നുണ്ട്. അയൽക്കാർ അസൂയയിൽ ഞെരിപിരി കൊള്ളുന്നുണ്ട്. ഒരാൾ പന്തു നേടുമ്പോൾ അപരന് അതു നഷ്ടമാകുന്ന കാൽപ്പന്തുകളിയാണ് ജീവിതം. ബ്രാൽ! ബ്രാൽ!  ബ്രാവോ! ബ്രാവോ! ബ്രാവോ! 

ജീവിതത്തിൽ തോറ്റുപോയവൻ ഗന്ധങ്ങൾ കൊണ്ട് ലോകത്തെ വേട്ടയാടുകയാണ്

ബ്രാലിൻ്റെ നളപാചകം ഈ സിനിമയിലെ മോഹിപ്പിക്കുന്ന സീക്വൻസാണ്. സ്വപ്നങ്ങളുടെ പാചകം. അഭിലാഷങ്ങളുടെ മസാലക്കൂട്ടുകൾ. ജീവിതത്തിൽ തോറ്റുപോയവൻ ഗന്ധങ്ങൾ കൊണ്ട് ലോകത്തെ വേട്ടയാടുകയാണ്.

ഭാര്യക്ക് അച്ഛൻ്റെ കോൾ വരികയാണ്. ബ്രാൽ സദ്യക്ക് ക്ഷണിക്കാത്തതിൻ്റെ പരിദേവനം. ഏതു നിമിഷവും അറ്റാക്കുവരാവുന്ന ഒരാളെന്ന നിലയിൽ സ്വയം അവതരിപ്പിച്ച് സെൻ്റിമെൻ്റ്സിലൂടെ മകളുടെയും മരുമകൻ്റെയും ഗോൾ വലയം ഭേദിക്കുന്ന നീക്കം. വഴുവഴുക്കൻ ബ്രാൽ നീക്കം! 

മകൾ ദുഖിതയായി. അവൾ അച്ഛനെ ക്ഷണിച്ചില്ലെന്നതു സൗകര്യപൂർവ്വം വിസ്മരിച്ച്, ഭർത്താവിൻ്റെ പ്രതിരോധക്കോട്ടകൾ ഭൂതകാല പ്രാബല്യത്തോടെ ചാട്ടൂളി നീക്കങ്ങളിലൂടെ ആക്രമിക്കുന്നു. വിവാഹം കഴിഞ്ഞ കാലം മുതലുള്ള അവഗണനകളുടെ നാൾവഴികൾ ഓരോ ബ്രാലുകളായി നാവിൽനിന്നു ചാടുന്നു. ഇംപൾസീവായ നീക്കങ്ങൾ...

കളിയിലെന്തു സംഭവിക്കും?

സിനിമ കാണൂ. സംഗീതവും അഭിനയവും എഡിറ്റിങ്ങും എല്ലാം ചേർന്ന ഒന്നാന്തരം ഡ്രിബിളിങ്ങ്. ബ്രാൽ. ജീവിതത്തിൻ്റെ ചിരിയുണർത്തുന്ന, സങ്കടം പിടിച്ച മെറ്റഫർ.

ഈ സംവിധായകൻ ഇനിയും ഉഗ്രൻ സിനിമകൾ ചെയ്യും. എനിക്കുറപ്പാണ്. അതിസാധാരണവും ലളിതവുമായ മനുഷ്യാവസ്ഥകളിലൂടെ മനുഷ്യാസ്തിത്വത്തിൻ്റെ മൌലികഭാവങ്ങൾ അനാവരണം ചെയ്യുന്ന ബ്രാൽ ഉടൻ കാണൂ. പിന്നത്തേക്ക് നീട്ടിവെച്ചാൽ ചിലപ്പോൾ അത് വഴുതിപ്പോകും.

Contact the author

Recent Posts

Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 3 years ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 3 years ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More
P. A. Prem Babu 4 years ago
Reviews

സുസ്മേഷ് ചന്ത്രോത്തിന്റെ 'പത്മിനി': സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയം - പി. എ. പ്രേംബാബു

More
More
Reviews

'സാറ'എപ്പോൾ ഗർഭം ധരിക്കണമെന്ന് സാറ തീരുമാനിച്ചോട്ടെ - മൃദുല ഹേമലത

More
More
Hilal Ahammed 4 years ago
Reviews

മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

More
More