LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദത്ത് വിവാദം: ഷിജുഖാനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ല - അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍  ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ അമ്മയായ തന്നെയും കുട്ടിയെ ദത്ത് എടുത്ത ആന്ധ്രാപ്രദേശിലെ കുടുംബത്തെയും ഷിജുഖാന്‍ തന്‍റെ പദവി ദുരുപയോഗം ചെയ്ത് വഞ്ചിക്കുകയായിരുന്നുവെന്നും അനുപമ പറഞ്ഞു. ആ ദമ്പതികള്‍ക്കുണ്ടായ ദുഖത്തില്‍ അതിയായ വിഷമമുണ്ടെന്നും ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ കാരണം ശിശുക്ഷേമ സമിതിയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തന്‍റെ കുട്ടിയെ തിരികെ ലഭിച്ചാലും തെറ്റ് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അനുപമ വ്യക്തമാക്കി.

തന്‍റെ കുഞ്ഞിന്‍റെ വിഷയത്തില്‍ ദത്തെടുക്കലല്ല നടന്നിരിക്കുന്നത്, കുട്ടിക്കടത്താണ്. കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനും അവിടുത്തെ സൂപ്രണ്ടും നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അമ്മത്തൊട്ടിലില്‍ നിന്നാണ് കുട്ടിയെ ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷിജുഖാന്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയാണ് പരസ്യം നല്‍കിയത്. ഇത്തരം നടപടികള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷിജുഖാന്‍ ചെയ്ത തെറ്റ് പൊതുസമൂഹത്തിന് മനസിലായി, എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കുട്ടിക്കടത്തിന് ചൈല്‍ഡ് വെൽഫയർ കമ്മറ്റിയെ ഷിജൂഖാൻ മറയായി ഉപയോഗിച്ചുവെന്നും അനുപമ ആരോപിച്ചു. അതേസമയം, ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ഡിഎൻഎ പരിശോധന നടത്തി നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Contact the author

Web Desk