LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെരിയ ഇരട്ട കൊലപാതകം; പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യഹര്‍ജി കോടതി തള്ളി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സി ബി ഐയുടെ വാദം അംഗീകരിച്ചാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചന, പ്രതികളെ യാത്ര ചെയ്യാന്‍ സഹായിക്കുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ  ചെയ്തതായി സി ബി ഐ കണ്ടെത്തിയിരുന്നു.  

കൊലപാതകവുമായി ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്.  സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സി ബി ഐ ഡിസംബര്‍ ആദ്യം അറസ്റ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ലാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ യുവാക്കളെ വാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 21-ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റിലായി. ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സിബി ഐക്ക് വിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി. 2020 ഡിസംബറില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. സി ബി ഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. കേസിലെ പ്രതികള്‍ക്കായി നിയമപോരാട്ടം നടത്താന്‍ സര്‍ക്കാര്‍ 90 ലക്ഷം രൂപ ചിലവഴിച്ചെന്ന വാര്‍ത്ത സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നുവരാന്‍ കാരണമായിരുന്നു.

Contact the author

Web Desk