LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാതൃകയാണ് ഈ പെൺകുട്ടി - ആര്യാ രാജേന്ദ്രനെ പുകഴ്ത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്‌

മക്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ മാതൃകയാണ് മേയര്‍ ആര്യാ രാജേന്ദ്രനെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. ഒരു പെണ്‍കുട്ടിക്ക് ഈ പ്രായത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്ന ജീവിതമാണ് ആര്യയുടേതെന്നും ലക്ഷ്മി രാജീവ് പറയുന്നു. പണ്ട് നാട്ടിന്‍പുറങ്ങളിലെ ഇടവഴികളില്‍ എഴുതിവെച്ചിരുന്ന അസഭ്യം ഇപ്പോള്‍ ഫേസ്ബുക്കിലെഴുതുകയാണ് പലരും. ആര്യാ രാജേന്ദ്രന്റെ ഉയര്‍ച്ചയും ജീവിത നിലവാരവും നിലപാടുകളുമെല്ലാം കേള്‍ക്കാന്‍ കേരളം കാതോര്‍ക്കുമെന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. സച്ചിന്‍ദേവ് എം എല്‍എയുമായുളള വിവാഹത്തെക്കുറിച്ച് വാര്‍ത്ത വന്നതിനുപിന്നാലെ വന്‍തോതിലുളള സൈബര്‍ ആക്രമണമാണ് ആര്യാ രാജേന്ദ്രന്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ലക്ഷ്മി രാജീവിന്റെ പ്രതികരണം. 

ലക്ഷ്മി രാജീവിന്റെ കുറിപ്പ്

ആദരണീയയായ തിരുവനന്തപുരം മേയർ സഖാവ് ആര്യാ രാജേന്ദ്രനെക്കുറിച്ച് ഇന്ന് ഏറെ നേരം ആലോചിച്ചു. ഒരു പെൺകുട്ടിക്ക് ഈ പ്രായത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവർക്ക് പാർട്ടി നൽകിയിരിക്കുന്നത്. അതീവ ശോഭനവും ശക്തവും ഗംഭീരവുമാണ് ഇനിയുള്ള അവരുടെ ഭാവി. വിവാഹിതയാകാന്‍ പോകുന്നു. അതും ഇത്രയും ചെറിയ പ്രായത്തിൽ MLA ആയ ഒരാളുമായി. 

ഇനി അങ്ങോട്ട് എന്താണ് ഇവരുടെ ഭാവി, ജീവിതത്തിന്റെ ക്വാളിറ്റി, ജനമനസുകളിൽ അവരുടെ നിതാന്ത സ്ഥാനം, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതം. അതാണ് ആ പെൺകുട്ടി തന്റെ ഇരുപത്തിമൂന്നു വയസുകൊണ്ട് നേടിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ആർക്കായാലും അസൂയ തോന്നിത്തുടങ്ങി, നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ കിളി പോകുന്ന അവസ്ഥയാണ് ആര്യ രാജേന്ദ്രൻ മുന്നോട്ടു വയ്ക്കുന്ന സോഷ്യൽ സ്റ്റാറ്റസ്.

ഒന്നുകിൽ കണ്ടിലെന്ന് നടിക്കുക-പ്രയാസമാണ്. എന്നാൽ നമ്മുടെ മനസിന്റെ സമനില തെറ്റരുതല്ലോ, അധിക്ഷേപിക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക. സ്വയം സമാധാനം കണ്ടെത്തുക. പണ്ടൊക്കെ നാട്ടിൻപുറത്ത് ഇടവഴികളിൽ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോൾ ഫേസ്ബുക്കിൽ എഴുതുകയാണ് പലരും. സഖാവ് ആര്യാ രാജേന്ദ്രൻ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ ഒഫീഷ്യൽ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയർച്ച, ജീവിത നിലവാരം, സാമൂഹിക അന്തസ്സ്, നിലപാടുകൾ ഒക്കെ കേൾക്കാൻ, കാണാൻ കേരളം കാതോർക്കും.

നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബർ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോൾ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട്  അവർ കയറിപ്പോകുന്ന ഉയരങ്ങൾ അമ്പരപ്പോടെ നോക്കി കാണുന്നു. മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളിൽ  രാജകുമാരി ആയി നീണാൾ വാഴ്ക !

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk