ഇന്ത്യൻ റെയിൽവേ 2500 കോച്ചുകള്‍ കൊവിഡ് -19 രോഗികൾക്കുള്ള ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റിയതായി മന്ത്രാലയം അറിയിച്ചു. കുറഞ്ഞത് 40,000 പേര്‍ക്കെങ്കിലും താമസിക്കാനുള്ള സൗകര്യം അതിനകത്ത് ഉണ്ടാകും. ഒരു ദിവസം ശരാശരി 375 കോച്ചുകളെങ്കിലും ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ 133 സ്ഥലങ്ങളില്‍ ഇതുസംബന്ധിച്ച ജോലികള്‍ നടക്കുന്നുണ്ട്.
നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമാക്കിയ ഓരോ കോച്ചിലും 10 രോഗികളെ പാർപ്പിക്കാൻ കഴിയും. ആരോഗ്യ മന്ത്രാലയം നല്കിയ വിദഗ്ദ്ധോപദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കോച്ചുകൾ സജ്ജീകരിച്ചിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. രോഗികൾക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കുന്നതിനും ഉള്ള പൂര്‍ണ്ണമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.