അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്കില്‍ താമസിക്കുന്ന പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ജോസഫ് കുരുവിള. വര്‍ഷങ്ങളായി ഇദ്ദേഹവും കുടുംബവും അമേരിക്കയിലാണ്. ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറ് മാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേര് ഇതിനകം കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടിട്ടുണ്ട്.
അതേസമയം ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 22,125 - പേര് ഇതിനകം മരണപ്പെട്ടു. 5,60,433 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ പതിനായിരം കടന്നു. ഇവിടെ മാത്രം 1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,350- പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 61,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 688 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 23,397- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24,638- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 1,487 പേര് മരണപ്പെട്ടു. ഫ്ലോറിഡ -461, മസ്സാച്ചുസെറ്റ്സ് -756, ലൂസിയാന - 840, ഇല്ലിനോയിസ് -720, ജോര്‍ജ്ജിയ -442 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.