LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ലക്‌നൗ: നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കുത്തബ് മിനാറിനേക്കാള്‍ ഉയരത്തില്‍ പണിത ഇരട്ട കെട്ടിടങ്ങളാണ് ഒന്‍പതുസെക്കന്റുകള്‍ക്കുളളില്‍ നിലംപതിച്ചത്. 3700 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടങ്ങളാണിത്. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്  കെട്ടിടങ്ങള്‍ തകര്‍ത്തത്. രണ്ടുവര്‍ഷം മുന്‍പ് എറണാകുളം മരടില്‍ കെട്ടിടങ്ങള്‍ പൊളിച്ച അതേ സംഘമാണ് സൂപ്പര്‍ ടെക് ടവര്‍ പൊളിച്ചത്.

രണ്ട് കെട്ടിടങ്ങളിലുമായി 9000 സുഷിരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. കെട്ടിടം പൊളിക്കാനായി നൂറുകോടി രൂപ ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. 20 കോടി രൂപയാണ് ഇരട്ട ടവറുകള്‍ പൊളിക്കാനെടുത്ത ചിലവ്. 50 കോടിയുടെ അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അവ നാലുമാസത്തിനുളളില്‍ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

32 നിലയുളള അപെക്‌സ്, 29 നിലയുളള കിയാന്‍ എന്നീ കെട്ടിട സമുച്ചയങ്ങള്‍ ചേര്‍ന്നതാണ് സൂപ്പര്‍ ടെക്കിന്റെ ഇരട്ട കെട്ടിടം. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലായിരുന്നു കെട്ടിടങ്ങള്‍. ഫ്‌ളാറ്റുകളിലേക്ക് ഒരുപാട് ആളുകള്‍ വരുകയും ബിസിനസ് തഴച്ചുവളരുകയും ചെയ്തതോടെ കെട്ടിടങ്ങള്‍ നാല്‍പ്പതുനിലയാക്കി കെട്ടിപ്പൊക്കാന്‍ സൂപ്പര്‍ ടെക് കമ്പനി തീരുമാനിക്കുകയായിരുന്നു.

ഇതിനെതിരെ ഫ്‌ളാറ്റിലെ താമസക്കാര്‍തന്നെയാണ് പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍ കെട്ടിടനിര്‍മ്മാണത്തിന് 2012-ല്‍ നോയിഡ അതോറിറ്റി അനുമതി നല്‍കി. അതിനെതിരെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ അലഹബാദ് ഹൈക്കോടതിയാണ് കെട്ടിടം പൊളിക്കണമെന്ന് ഉത്തരവിട്ടത്. 2014-ലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. തുടര്‍ന്ന് കേസ് സുപ്രീംകോടതിയിലെത്തുകയും ഏഴര വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു.

Contact the author

National Desk