മുംബൈയിലെ ധാരാവി ചേരിയിൽ കൊവിഡ് രോഗം ബാധിതരുടെ എണ്ണം 101 ആയി. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ രോഗം ബാധിച്ച് 10 പേർ ഇതിനകം മരണപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ചേരിയിൽ രോഗം പടർന്നു പിടിക്കുന്നത് മഹാരാഷ്ട്ര സർക്കാറിന് വലിയ വെല്ലുവിളിയാണ്. 12 ലക്ഷത്തോളം തിങ്ങിപ്പാർക്കുന്ന ചേരിയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരാണ പ്രതിരോധ മാർഗങ്ങളൊന്നും ചേരിയിൽ പ്രായോഗികമല്ലെ. ധാരാവിയിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചിട്ടുണ്ട്. ചേരി പ്രദേശത്തെ രോഗത്തിന്റെ സാമൂഹ വ്യാപനം അതിഗുരുതരമായ പ്രത്യാഘാതങ്ങളാണ് മുംബൈ നഗരത്തിൽ ഉണ്ടാക്കുക. രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്.
അതേസമയം മുംബൈയിൽ 20 നാവികസേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ നാവിക സേനാ ആശുപത്രിയായ ഐഎൻഎച്ചഎസ് അശ്വനിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽപ്പെട്ട നാവികർക്കാണ് രോഗബാധ. ഇവർ മുംബൈ തീരത്ത് നങ്കൂരമിട്ട് ഐഎൻഎസ് ആംഗ്രേ എന്ന കപ്പലിലാണ് താമസിച്ചിരുന്നത്. നിരവധി അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമുള്ള ഈ ഡോക് യാർഡിൽ ഉണ്ട്. വൈറസ് ബാധയെ തുടർന്ന് കപ്പൽ പൂർണമായും ഒഴിപ്പിച്ചു. അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. നാവികരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കും. ആദ്യമായാണ് നാവിക സേനയിലുള്ളവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ കരസേനയിലെ ഡോക്ടർമാർക്കും നഴിസിംഗ് അസിസ്റ്റന്റിനും ഉൾപ്പെടെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.