LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പ്രിങ്ക്ളര്‍: കരാര്‍ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു, റിപ്പോര്‍ട്ട് ഒരു മാസത്തിനകം

തിരുവനന്തപുരം: അമേരിക്കന്‍ ഐ ടി കമ്പനിയായ സ്പ്രിങ്ക്ളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച് നടന്ന നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചുകൊണ്ട്  സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. വ്യോമയാന വകുപ്പ് മുന്‍ സെക്രട്ടറിയും വിവര സാങ്കേതിക വിദ്യാ വിദഗ്ദനുമായ മാധവന്‍ നമ്പ്യാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദന്‍ എന്നിവടങ്ങിയ രണ്ടംഗ സമിതിയാണ് വിഷയം അന്വേഷിക്കുക.

കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ അപാകതകള്‍, ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപെട്ട് അപ് ലോഡ് ചെയ്യപ്പെട്ട വിവരങ്ങ (ഡാറ്റ) ളുടെ സുരക്ഷിതത്വം,  മതിയായ വിധത്തില്‍ ചട്ടങ്ങള്‍ പാലിച്ചല്ല കരാര്‍ പ്രാബല്യത്തില്‍ വന്നത് എങ്കില്‍, അതിനുപിന്നിലുള്ള നിക്ഷിപ്ത താത്പര്യം തുടങ്ങിയവ അന്വേഷണ പരിധിയില്‍ വരും. ഒരുമാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം സ്പ്രിങ്ക്ളര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ആരോഗ്യ വിവരങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കരാര്‍ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത വിവരങ്ങള്‍ സുരക്ഷിതമാണോ ? 2. കരാറില്‍ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമെന്ത് ? 3 . സംസ്ഥാനത്ത് കോവിഡ്-19 രോഗികള്‍ കുറവായിരിക്കെ സാഫിന്‍റെ ആവശ്യമെന്ത് ? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ സത്യവാങ്മൂലം നല്‍കാനാണ്  ജസ്റ്റിസ്  ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 24-ന് കേസ് വീണ്ടും പരിഗണിക്കും.


Contact the author

Web Desk