ജനീവ: ലോകത്തെ ആകെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് ഏതെങ്കിലും പരീക്ഷണശാലയില്‍ നിന്ന് അബദ്ധത്തില്‍ പുരത്തുചാടിയതല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. നേരത്തെ ചൈനയിലെ വുഹാനിലെ പരീക്ഷണ ശാലയില്‍ നിന്ന് പുറത്തുചാടിയ വൈറസാണ് വിനാശകാരിയായിത്തീര്ന്നതെന്ന പ്രചാരണം ശക്തിമായിരുന്നു. കൊറോണ വൈറസിനു പിന്നില്‍ ചൈനയുടെ ഗൂഢാലോചനയുണ്ട് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു. ഇതേ കാര്യം തന്നെ കോവിഡ് -19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍, തങ്ങള്‍ക്കു സഹായം വാഗ്ദാനം ചെയ്ത അമേരിക്കക്കെതിരെ ഇറാനും പറഞ്ഞിരുന്നു. മരുന്നും മറ്റു സഹായങ്ങളും കൊണ്ടുവരുന്ന കൂട്ടത്തില്‍ മാരക വൈറസുകളെ കൂടി ഇറാനിലെത്തിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നായിരുന്നു ഇറാന്റെ ആരോപണം. ലോകാരോഗ്യസംഘടന പുതിയ തീര്‍പ്പ് പറഞ്ഞതോടെ ഇത്തരം ആരോപണങ്ങളെല്ലാം അപ്രസക്തമായിത്തീര്ന്നിരിക്കുകയാണ്.
ഇതുവരെ ശാസ്ത്രീയമായി നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളും ഗൂഢാലോചന സിദ്ധാന്തത്തിന് എതിരാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നാണ് വൈറസ് എത്തിച്ചേര്‍ന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് എങ്ങനെ മനുഷ്യശരീരത്തില്‍ എത്തിച്ചേര്‍ന്നു എന്നുള്ളത് ഇപ്പോള്‍ പറയാനാകില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.