ലോക്ഡൗൺ ബോധവൽക്കരണത്തിനായി വീഡിയോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ. വീഡിയോ നിർമിക്കുന്നതിന് കർശന മാർഗനിർദ്ദേശവുമായി ഡിജിപി സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് ഇതിനകം 400 വീഡിയോകളാണ് നിർമിച്ചത്. അഭിനേതാക്കളും പിന്നണിയിലും പൊലീസുകാർ തന്നെയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഇവയിൽ ഭൂരിഭാഗവും നിർമിച്ചത്. അഭിനയവും വീഡിയോ നിർമാണവും നിർത്തിവെച്ച് തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. ഇനിമുതൽ വീഡിയോ നിർമാണത്തിന് പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ മുൻകൂർ അനുമതി വാങ്ങണം.
പ്രമുഖ വ്യക്തികളേയോ സിനിമാ നടന്മാരേയോ നിർബന്ധിച്ച് ചിത്രങ്ങളിൽ അഭിനയിപ്പിക്കരുത്. പൊലീസിന്റെ നല്ല പ്രവർത്തികളെ കുറിച്ച് വാർത്താ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നതിന് തടസ്സമില്ല. കൂടാതെ പൊതുജനങ്ങൾ ഷൂട്ട് ചെയ്ത വീഡിയോയും ഉപയോഗിക്കാമെന്നും സർക്കുലറിലുണ്ട്. സ്വന്തം നിലയിലുള്ള പാട്ടും നൃത്തവും അഭിനയവും വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചു.