ബീജിംഗ്: ചൈനീസ് നിര്‍മ്മിത കോവിഡ് -19 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കെതിരായ ഇന്ത്യയുടെ വിമര്‍ശനം തികച്ചും ഉത്തരവാദിത്തമില്ലാത്തതും സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് ചൈന. ഗുണനിലവാരത്തിന്റെ പേരില്‍ ചൈനയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നത് നിര്‍ത്തുകയാണെന്ന ഇന്ത്യയുടെ പ്രതികരണം അങ്ങേയറ്റം നിരുത്തരവാദപരമാണ്. പല തരത്തിലുള്ള ലാബ് ടെസ്റ്റുകള്‍ കഴിഞ്ഞാണ് ടെസ്റ്റ് കിറ്റുകള്‍ വിപണിയിലേക്ക് എത്തുന്നത് - ചൈനീസ് എംബസ്സി വക്താവ് ജി റൊങ്ങ് പ്രസ്താവനയില്‍ പറഞ്ഞു.
ചൈനയിലെ രണ്ടു പ്രധാന മെഡിക്കല്‍ കമ്പനികള്‍ ഉണ്ടാക്കുന്ന ഗുണനിലവാരം കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുകയാണെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ഇന്നലെ പ്രസ്താവനയിറക്കിയത്. ലോകതലത്തില്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിപണനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇന്ത്യയുടെ പ്രതികരണത്തിനെതിരെ ചൈന ശക്തമായി രംഗത്തുവന്നത്.
ചൈനയുടെ ഉത്പന്നങ്ങള്‍ നിലവാരമില്ലത്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും ഇത് അങ്ങേയറ്റം തരംതാണ പ്രവൃത്തിയാണെന്നും ചൈനീസ് എംബസ്സി വക്താവ് ജി. റൊങ്ങ് പ്രതികരിച്ചു.
ചൈനയിലെ ഗോങ്ങ്സു വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്സണ്‍ ഡയഗനോസ്റ്റിക്സ് എന്നീ പ്രധാനപ്പെട്ട രണ്ടു മെഡിക്കല്‍ കമ്പനികളാണ് കോവിഡ് -19 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉണ്ടാക്കുന്നത്.