കൊറോണ വൈറസ് സ്വാഭാവികമായി ഉത്ഭവിച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും വെള്ളിയാഴ്ച ചേർന്ന ഡബ്ല്യുഎച്ച്ഒ എമർജൻസി കമ്മിറ്റി വിലയിരുത്തി. ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് പുറത്തു വന്നത് എന്നതിന് തെളിവുണ്ടെന്നാണ് ട്രംപ് പറയുന്നത്. അതുകൊണ്ടുതന്നെ, വൈറസിന്റെ സ്വാഭവിക ഉത്ഭവം എങ്ങനെയാണെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും മൈക്കൽ റയാൻ വ്യക്തമാക്കി.