സംസ്ഥാന സർക്കാർ പദ്ധതിയായ റീബിൽഡ് കേരളക്ക് പുതിയ മേധാവി. ഡോക്ടർ വി വേണുവിനെ മാറ്റി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന് റീബിൽഡ് കേരള സിഇഒയുടെ ചുമതല നൽകി. ടോം ജോസാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സർവേ ഡയറക്ടർ വിആർ പ്രേം കുമാറിനെ സ്ഥലം മാറ്റിയതിൽ വേണു സർക്കാറിനെ പ്രതിഷേധം അറിയിച്ചിരുന്നു. തന്റെ വിയോജിപ്പ് വേണു പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വേണു അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേണുവിന്റെ അസാന്നിധ്യം ഉദ്യോഗസ്ഥ തലത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വേണുവിനെ റീബിൽഡ് കേരളയുടെ മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. റീബിൽഡ് കേരളയിൽ അംഗമായി വേണുവിനെ നിലനിർത്തിയിട്ടുണ്ട്. 1989 ബാച്ച് കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിംഗ്.