ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയ പ്രത്യേക ട്രെയിനിലെ 7 പേർക്ക് കൊവിഡ് ലക്ഷണം. കോഴിക്കോട് സ്റ്റേഷനിൽ എത്തിയ 6 പേർക്കും തിരുവനന്തപുരത്ത് എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്. കോഴിക്കോട് രോഗ ലക്ഷണം കണ്ടവരെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ആളെ ജനറൽ ആശുപത്രിയിലെത്തിച്ചു. മുംബൈയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയാണ് ഇയാൾ.
ഇന്നലെ രാത്രി 10 മണിക്കാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. 218 പേരാണ് കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങിയത്. യാത്രക്കാരെ പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യിക്കാനും വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രത്യേക കെഎസ്ആർടി ബസുകളിൽ വീടുകളിലേക്ക് അയച്ചു. 14 ദിവസം വീടുകളിൽ കഴിയാനാണ് നിർദ്ദേശം. എല്ലാ യാത്രക്കാരുടെയും ബാഗുകൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
269 പേരാണ് എറണാകുളം സ്റ്റേഷനിൽ ഇറിങ്ങിയത്. പുലർച്ചെയാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. എറണാകുളത്തും വിപുലമായ സംവിധാനങ്ങൾ വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിരുന്നു. രാവിലെ 5.15 നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. 348 പേരാണ് തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങിയത്. 2 മണിക്കൂറിനകം മുഴുവൻ ആളുകളുടെയും ആരോഗ്യ പരിശോധന പൂർത്തിയാക്കി. ഇതിനായി 10 ഹെൽപ്പ് ഡസ്കുൾ സജ്ജീകരിച്ചിരുന്നു. തമിഴ് നാട്ടിലേക്കുള്ള യാത്രക്കാരും ട്രെയിനിൽ ഉണ്ടായിരുന്നു. 25 കെഎസ്ആർടിസി ബസുകളാണ് യാത്രക്കാരെ വീട്ടിൽ എത്തിക്കാൻ എർപ്പെടുത്തിയിരുന്നത്. രണ്ടു പേർ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടു. ഇവരെ ജില്ലയിൽ തന്നെ ക്വാറന്റൈൻ ചെയ്തു. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ ഇന്ന് വൈകുന്നേരം 7.30-ന് പുറപ്പെടും. ആയിരത്തോളം ടിക്കറ്റുകളാണ് ട്രെയിനിൽ ബുക്ക് ചെയ്തിട്ടുള്ളത്.