മുംബൈ: പഞ്ചാബിനു തൊട്ടു പിറകെ മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. കൊവിഡ്-19 രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മറ്റ് പോംവഴികളില്ലാതെയാണ് മഹാരാഷ്ട്ര ഈ മാസം (മേയ്) 31വരെ ലോക്ക് ഡൌണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കനുസരിച്ച് 30,000 ത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 1600 ലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കണമെങ്കില്‍ ലോക്ക് ഡൌണ്‍ നീട്ടുകയല്ലാതെ മറ്റു മാര്ഗ്ഗങ്ങളില്ലാ എന്ന ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ മുംബൈയിലടക്കം എന്തു തരത്തിലുള്ള ഇളവുകളാണ് നാലാം ഘട്ട ലോക്ക് ഡൌണ്‍ കാലയളവില്‍ ഉണ്ടാവുക എന്നതിനെ സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്താകെ ബാധകമാകുന്ന രീതിയിലാണ് ലോക്ക് ഡൌണ്‍ നീട്ടിയിരിക്കുന്നത്.