ബീഫ് മലയാളികളുടെ ഒരു വികാരമാണെന്ന് പറഞ്ഞാല്‍ അല്‍പ്പം ക്ലീഷേ ഡയലോഗ് ആകുമെങ്കിലും അതിലെ സത്യത്തിന്റെ സ്വാദ് അല്‍പ്പംപോലും കുറഞ്ഞു പോകില്ലല്ലോ... പുട്ട്, ചപ്പാത്തി, പത്തിരി, പൊറോട്ട മുതല്‍ പഴംപൊരിവരെ, കോമ്പിനേഷൻ ഏതായാലും കറി ബീഫ് തന്നെവേണം. തേങ്ങാക്കൊത്തും പച്ചക്കുരുമുളകും ചേർത്ത് അല്‍പ്പം നീട്ടി വരട്ടിയെടുക്കുന്ന ബീഫാണെങ്കില്‍ പിന്നെ ഒന്നും പറയാനുണ്ടാകില്ല. പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ, അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ പെട്ടെന്നു തയ്യാറാക്കാവുന്ന ഒരു കിടിലന്‍ വിഭവമാണ് നമ്മുടെ 'സ്പെഷ്യല്‍' ബീഫ് കറി. പക്ഷെ, അത് വെക്കേണ്ടപോലെ വെക്കണം. ഇതാ റെസിപ്പി:
ചേരുവകള്‍
| ബീഫ് | 500 ഗ്രാം |
| ചെറിയ ഉള്ളി | 250 ഗ്രാം |
| തക്കാളി | 1 എണ്ണം |
| മുളകുപൊടി | 5 സ്പൂണ്‍ |
| പച്ചക്കുരുമുളക് (ചതച്ചത്) | 1 സ്പൂണ്‍ |
| ഇഞ്ചി | 1 കഷ്ണം ചതച്ചത് |
| വെളുത്തുള്ളി | 5 അല്ലി ചതച്ചത് |
| ഗ്രാമ്പു | 4 എണ്ണം |
| പട്ട | 1 കഷ്ണം |
| കുരുമുളക് | 1 ½ സ്പൂണ്‍ |
| ഉരുളക്കിഴങ്ങ് | 1 എണ്ണം (ചെറുത്) |
| വിനാഗിരി | 1 സ്പൂണ്‍ |
| ജീരകം | 1 ടീസ്പൂണ്‍ |
| ഉപ്പ് | ആവശ്യത്തിന് |
| എണ്ണ | ആവശ്യത്തിന് |
| മഞ്ഞള്‍പൊടി | ½ ടീസ്പൂണ്‍ |
| മല്ലിപൊടി | 1 ½ ടീസ്പൂണ്‍ |
| തേങ്ങകഷണങ്ങള്‍ | 2 സ്പൂണ്‍ |
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു ഉരുളിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളിത്തുള്ളി, ഇവ ഇട്ട് ഇളക്കുക. പിറകേ അരിഞ്ഞ് വെച്ചിട്ടുള്ള ചെറിയ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് ചതച്ചുവച്ച പച്ചക്കുരുമുളക് ചേര്‍ക്കുക.
കുറച്ച് കഴിഞ്ഞ് അതിലേക്ക് ആവശ്യാനുസരണം മുളക്പൊടി, കുരുമുളക്, ജീരകം, വിനാഗിരി, ഗ്രാമ്പു, പട്ട, കഴുകി വൃത്തിയാക്കിയ ബീഫ് കഷണങ്ങള്‍ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി പാത്രം അടച്ച് വെയ്ക്കുക.
5 മിനിട്ടിനുശേഷം അടപ്പ് തുറന്ന് നന്നായി ഒന്നുകൂടി ഇളക്കിയിട്ട് അല്‍പ്പം മല്ലിപൊടി, കറിയ്ക്കാവശ്യമായ ചൂട് വെള്ളം, തേങ്ങാകഷണങ്ങള്‍ ഇവ ചേര്‍ത്തിളക്കി അടച്ച് വെച്ച് നന്നായി വേവിച്ച് കറി കുറുകുമ്പോള്‍ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.