ലോക്ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയ സ്കൂളിനെതിരെ കേസ്. നിയന്ത്രണങ്ങൾ ലംഘിച്ച് കുന്നംകുളം ബഥേനി സ്കൂളിലാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടന്നത്. പരീക്ഷക്കായി 24 ഓളം കുട്ടികളും രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന പൊലീസ് സ്കൂളിലെത്തി. പരീക്ഷ നിർത്തിവെക്കാൻ പൊലീസ് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നെതെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാൽ പൊലീസ് പരീക്ഷ തുടരാൻ അനുവദിച്ചില്ല. പൊലീസ് ഇടപെട്ട് പരീക്ഷ നിർത്തിവെപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും തിരിച്ചയച്ചു. ലോക്ഡൗൺ ലംഘനത്തിന് മാനേജ്മെന്റനെതിരെയും പരീക്ഷക്ക് നേതൃത്വം നൽകിയ അധ്യാപകർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന രക്ഷിതാക്കൾക്കെതിരെയം പൊലീസ് കേസെടുത്തിട്ടുണ്ട്.