കേരളത്തിൽ മടങ്ങിയെത്തിയ 7 പേർക്ക് കൂടി കോവിഡ് ലക്ഷണങ്ങൾ. ഇവരിൽ 6 പേർ ഗൾഫിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്. മസ്കറ്റിൽ നിന്ന് എത്തിയ 4 പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മലപ്പുറം ജില്ലക്കാരാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളുളള 4 പേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ 2 പേരെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ഇവർ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയ കോട്ടയം സ്വദേശിയെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിൽ 35 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 11 ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും ഗൾഫിൽ നിന്ന് എത്തിയവരാണ്. ആകെ 57 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 21 പേർക്ക് രോഗം ഭേദമായി. ജില്ലയിൽ ഇന്നലെയും ഇന്നുമായി 701 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. 8967 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഓരോ ദിവസം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.