തിരുവനന്തപുരം : സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുകയാണെന്നും അതിനനുസരിച്ച് ക്വാറന്റൈന് ശകതമാക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്താന്‍ ശക്തമായ ക്വാറന്റൈന് അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
റെഡ് സോണുകളില്‍ നിന്നെത്തുന്ന പലരും അവശരായാണ് എത്തുന്നത്. അവരോടു വരരുത് എന്ന് പറയാനാവില്ല. പകരം ക്വാറന്റൈന് ശക്തമാക്കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുകയാണ്. ഈ വിമാനസര്‍വീസുകള്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന് നിര്‍ബന്ധമാക്കും.
കൂടുതല്‍ പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്താന്‍ തുടങ്ങിയത് മേയ് 7 നു ശേഷമാണ്. അതിനു ശേഷം മാത്രം സംസ്ഥാനത്ത് 158 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വരുന്ന ആളുകളില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ ജാഗ്രത വേണം. രോഗം, വരുന്ന ആളുകളില്‍ മാത്രം ഒതുക്കി നിര്‍ത്തി ഭേദമാക്കാന്‍ നമുക്ക് സാധിക്കണം. അതിനു ചിട്ടയായ പ്രവര്‍ത്തനം ആവശ്യമാണ്.
ഇനിയുള്ള ദിവസങ്ങളില്‍ റെഡ് സോണുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. നിലവില്‍ 95 ശതമാനമാണ് നമ്മുടെ റിക്കവറി നിരക്ക്. ചിട്ടയായ പ്രവര്‍ത്തനം വഴിയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്. അത് തുടര്‍ന്നാല്‍ മാത്രമേ കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് നിലനിര്‍ത്താന്‍ കഴിയൂവെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.