മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് -19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ പുറമേ നിന്ന് കൂടുതല്‍ പേര് വന്നാല്‍ കാര്യങ്ങള്‍ തീര്‍ത്തും നിയന്ത്രണാതീതമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നതിനെതിരെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഈ മാസം വിമാന സര്‍വീസ് തുടങ്ങരുത് എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിമാനത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന് വേണോ വേണ്ടേ എന്ന കാര്യത്തില്‍ കേരളസര്‍ക്കാരും അഭിപ്രായ വ്യത്യാസമറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ ക്വാറന്റൈന് നിര്‍ബന്ധമാണെന്നാണ് കേരളത്തിന്റെ അഭിപ്രായം. എന്നാല്‍ ക്വാറന്റൈന് ആവശ്യമേയില്ലെന്ന നിലപാടാണ് വ്യോമയാനമന്ത്രി കൈക്കൊണ്ടിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ കൊവിഡ് -19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇതുവരെ 33,000 ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നത വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.