വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 560 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ രേഖപ്പെടുത്തിയ കുറവിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ മരണനിരക്ക് ഇത്രയധികം താഴുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 1500നും 1000 ഇടയിലായിരുന്ന നിരക്കില്‍ വന്ന കുറവ് രാജ്യത്തിനാശ്വാസമാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 99,300 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,123 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗീ നിരക്കും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,86,436 ആയി. ഇതില്‍ 4,51,702 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,231 ആയി. 3,71,193 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
11,139 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 155,384 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,790 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 94,486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
54,679 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,228 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,237, മസ്സാച്ചുസെറ്റ്സ് 6,372, ലൂസിയാന -2,690, ഇല്ലിനോയിസ് -4,856, ജോര്‍ജ്ജിയ -1,827 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 20,595 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,086 പേരാണ് മരണപ്പെട്ടത്.