ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. 14,092 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് -19 ബാധിച്ചവരുടെ എണ്ണം 1,45,962 ആയി. ഇന്നലെ 6997 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത് എങ്കില്‍ ഇന്ന് അത് ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ നാലുദിവസങ്ങളിലായി ഉയര്‍ന്ന തോതിലാണ് രോഗീ സ്ഥിരീകരണം നടക്കുന്നത്. വെള്ളി - 6088, ശനി - 6654, ഞായര്‍ - 6767, തിങ്കള്‍ - 6997 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്ക്.
മഹാരാഷ്ട്ര, തമിഴ്നാട് , ഗുജറാത്ത്, ഡല്‍ഹി , രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 52,667 പേര്‍ക്കും തമിഴ്നാട്ടില്‍ 17,082 പേര്‍ക്കും ഗുജറാത്തില്‍ 14,468 പേര്‍ക്കും ഡല്‍ഹിയില്‍ 14,053 പേര്‍ക്കും രാജസ്ഥാന് 7,173 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 4,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 305 പേരാണ് മരണപ്പെട്ടത്. ഇതോടെ അടുത്ത രണ്ടുമാസങ്ങളില്‍ കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാ തീതമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.