വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1272 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണനിരക്ക് 500 നും 600 ഇടയിലും തൊട്ടു മുകളിലുമായാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് താരതമ്യേന താഴ്ന്ന നിരക്കാണ്. തൊട്ടു മുന്‍ ദിവസങ്ങളിലെല്ലാം 1500നും 1000 നും ഇടയിലായിരുന്ന നിരക്കില്‍ വന്ന കുറവ് രാജ്യത്തിനാശ്വാസമാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,00,572 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 38,839 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,25,275 ആയി. ഇതില്‍ 4,79,969 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,451 ആയി. 3,73,622 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
11,197 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 157,015 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,852 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 99,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
55,104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,266 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,259, മസ്സാച്ചുസെറ്റ്സ് 6,473, ലൂസിയാന -2,701, ഇല്ലിനോയിസ് -4,923, ജോര്‍ജ്ജിയ -1,895 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 22,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,086 പേരാണ് മരണപ്പെട്ടത്.