ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഈ ഞായറാഴ്ച നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കുകയാണ്. ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്. ഇത് സംബന്ധിച്ചുള്ള അഭിപ്രായമാണ് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിമാരിൽ നിന്ന് തേടിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അമിത് ഷാ ആദ്യമായിട്ടാണ് മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നത്. ഫോണിലൂടെയാണ് മുഖ്യമന്ത്രിമാരെ അദ്ദേഹം ബന്ധപ്പെട്ടത്. ലോക്ഡൗൺ തുടരണമെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്.
അതേ സമയം നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അഞ്ചാം ഘട്ട ലോക്ഡൗണിൽ പൊതു നിർദ്ദേശങ്ങൾ മാത്രമാകും കേന്ദ്രം നൽകുക. പ്രദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളും ഇളവുകൾക്കും സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം. ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ഇതിനായുള്ള സാമ്പത്തിക ഭദ്രത കേന്ദ്രംഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിമാർ അമിത് ഷായോട് ആവശ്യപ്പെട്ടു.