കോഴിക്കോട് അഴിയൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. അഴിയൂർ സ്വദേശി ഹാഷിം ആണ് മരിച്ചത്. 63 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ഇയാൾ തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 17 നാണ് ഇയാൾ ഷാർജിയിൽ നിന്ന് കേരളത്തിൽ എത്തിയത്. തുടർന്ന് വടകരയിലെ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. 7 ദിവസത്തിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിൽ വെച്ച് ഇന്നലെ 3 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആദ്യം മാഹിയിലെ ആശുപത്രിയിലും തുടർന്ന് തലശേരിയിലേക്കും കൊണ്ടു പോവുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലാണെന്നത് മറച്ചുവെച്ചാണ് ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഇതിനെ തുടർന്ന് മാഹി ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഹാഷിമിന്റെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കും. ഇതിന് ശേഷമാകും കബറടക്കം തീരുമാനിക്കുക.