പാലായിൽ അഞ്ജു ഷാജിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല. അഞ്ജു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിച്ചു.
പാല മീനച്ചിലാറ്റിൽ കാണായതായ മൂന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥി അഞ്ജു പി ഷാജിയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയ ചേർപ്പുങ്കൽ പാലത്തിന് 3 കിലോമീറ്റർ ആകലെ ചെക്ക് ഡാമിന് സമീപത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. ചേർപ്പുങ്കൽ ബിബിഎം കോളേജിൽ പരീക്ഷിക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അഞ്ജുവിനെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. അഞ്ജു ഹാൾടിക്കറ്റിൽ ചില ഉത്തര സൂചനകൾ എഴുതിച്ചേർത്തിരുന്നു എന്ന് ആരോപിച്ചാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി പുറത്താക്കിയത്. ഈ മനോവിഷമത്തിൽ പെൺകുട്ടി കോളേജിന് സമീപമുള്ള ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജുവിനെ ശനിയാഴ്ചയാണ് കാണാതായത്.