ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,994 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 506 ഉം 676 ഉം പേരാണ് മരണപ്പെട്ടത്. എന്നാല്‍ അതിനു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 2,265 പേരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച 1471 ഉം വ്യാഴാഴ്ച 1259 ഉം ബുധനാഴ്ച 1,263 പേരുമാണ് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്.
ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്‍ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 42,791 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായാണ് ബ്രസീല്‍ നില്‍ക്കുന്നത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 75,612 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,50,796 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.