ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 598 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 2,994 പേരാണ് മരണപ്പെട്ടത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്‍ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 43,389 ആയി. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായാണ് ബ്രസീല്‍ നില്‍ക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍17,086 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീ വര്‍ദ്ധനവ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രതിദിന രോഗീ വര്‍ദ്ധനവില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിരക്കിനു തുടരാന്‍ കഴിഞാല് ബ്രസീല്‍ രോഗത്തിന്റെ കടുത്ത പിടിയില്‍ നിന്ന് വിടുതല്‍ പ്രാപിച്ചു എന്ന് പറയാനാകും. എന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങളിലെ ഡാറ്റ വെച്ച് അങ്ങനെയൊരു വിശകലനം നടത്തുന്നത് ശരിയാവണമെന്നില്ല.
ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,67,882 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്.