ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 315 പേരാണ് രാജ്യത്ത് കൊവിഡ് -19 മൂലം മരണമടഞ്ഞത്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി യഥാക്രമം 426, 307, 366, 330, 353 പേര് മരണപ്പെട്ടു. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്നലെ അല്പം ഉയര്‍ന്നെങ്കിലും ഇന്ന് വീണ്ടും പ്രതീക്ഷിത ശരാശരിയിലേക്ക് തിരിച്ചുപോയി. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 14.015 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം 13,540 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 ദിവസങ്ങളിലായി യഥാക്രമം 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 4,40,450 ലെത്തി. ഇതിനകം 2,48,137 പേര് രോഗവിമുക്തരായി. 2,62,152 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
ചില സംഖ്യകള്‍ക്ക് മുകളിലും താഴെയുമായി നാലഞ്ചു ദിവസം സ്ഥിരത നിലനിര്‍ത്തി മുകളിലേക്ക് കുതിക്കുന്ന തരത്തില്‍ ക്രമാനുഗത വര്‍ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ രാജ്യത്ത് സംഭവിക്കുന്നത്. 8,000, 9,000, 10,000, 11,000, 12,000 13000, 14000, 15000 എന്നിങ്ങനെ പടിപടിയായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണിക്കുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീ സംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്.