കൊവിഡ്-19 ഭേദമായി പ്ലാസ്മ ദാനം നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ച്ചയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. 14-28 ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ച പ്ലാസ്മ ദാതാക്കള്‍ക്ക് ഒറ്റത്തവണ ധന സഹായമായി 5000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
''പ്ലാസ്മ ദാതാവിന് 5,000 രൂപ ഇന്‍സെന്റീവ് നല്കാന് തീരുമാനമായിട്ടുണ്ട്. ദയവായി സ്വമേധയാ മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്ത് രോഗികളെ സഹായിക്കൂ'' എന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ പ്ലാസ്മ തെറാപ്പി നടത്തിയ അഞ്ച് കൊവിഡ്-19 രോഗികളില്‍ മൂന്ന് പേര് സുഖം പ്രാപിച്ചു. എന്നാല്‍ മറ്റ് രണ്ട് പേരില്‍ മാറ്റമുണ്ടായിട്ടില്ല. പ്ലാസ്മ തെറാപ്പി ഒരു പരിധിവരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനു നമ്മുടെ കയ്യില്‍ തെളിവുകളുണ്ട് അതിനാലാണ് 5,000 രൂപ ഇന്‍സെന്റീവ് നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് സുധാകര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച കര്‍ണാടകയില്‍ 3,176 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,076 പേര്‍ക്ക് രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു, 87 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയില്‍ ഇതുവരെ, 18,466 പേരാണ് വൈറസില്‍ നിന്ന് മുക്തമായത്. 928 പേര് മരിച്ചു. സംസ്ഥാനത്ത് 27,853 സജീവ കേസുകളുണ്ട്, ഇതില്‍ 597 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്.