ജോൺസൺ & ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 60,000 ത്തോളം പേരില്‍ നടത്താനാണ് പദ്ധതി. ഇത് മനുഷ്യരില്‍ നടത്തുന്ന ഏറ്റവും വലിയ വാക്സിന്‍ പരീക്ഷണമാകും. മോഡേണ, ഫൈസർ തുടങ്ങിയ മറ്റു പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളും 30,000 ത്തോളം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നത്.
സെപ്റ്റംബർ മുതൽ ആദ്യഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 18 വയസ്സിന് മുകളിലുള്ള ആരോഗ്യമുള്ള 60,000 ആളുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായും ജോൺസൺ & ജോൺസൺ അറിയിച്ചു. അമേരിക്ക, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലെ 180 ഓളം സ്ഥലങ്ങളിലാണ് പരീക്ഷണം നടക്കുക.
അതേസമയം, റഷ്യ വികസിപ്പിച്ച 'സ്പുട്നിക്-വി' എന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 40,000 പേരില്‍ നടത്താനാണ് ആലോചിക്കുന്നത്. മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നതിനു മുന്നേതന്നെ റഷ്യ അംഗീകരിച്ചിരുന്നു. വേണ്ടത്ര പരിശോധനകല്‍ പൂര്‍ത്തിയാക്കാതെ വാക്സിന് അംഗീകാരം നല്‍കിയ റഷ്യന്‍ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.