തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയനം ഓണ്‍ലൈന്‍ വഴി നടത്തിയതിലൂടെ കൈറ്റ് വിക്ടേഴ്സ് ചാനലിന് വരുമാനം. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ മാസം തന്നെ 15 ലക്ഷം രൂപയാണ് യുട്യുബ് വഴി ചാനല്‍ നേടിയത്. തങ്ങള്‍ക്ക് ലഭിച്ച വരുമാനം സംസ്ഥാനം കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി കൈറ്റ്( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍ (youtube.com/itsvicters) നിയന്ത്രിത പരസ്യങ്ങള്‍ അനുവദിച്ചതുവഴി ലഭിച്ച വരുമാനമാണ് ചാനലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്.
നിലവില്‍ പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്-മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്.
സംസ്ഥാനത്ത് പ്രൈമറിതലം തൊട്ട് പ്ലസ് ടു ക്ലാസ്സുകള്‍ വരെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ നടക്കുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ആണ് കൈറ്റ് വിക്ടേഴ്സ് ചാനലിന് വലിയ നേട്ടം ഉണ്ടാക്കി കൊടുത്തത്.