കൊവിഡ് വ്യാപനനിരക്കിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ. ഇതോടെ ലോകത്തെ കൊവിഡ് വ്യപനനിരക്കില് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90, 802 കേസുകളുടെ വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും, 24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തു . ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർ പ്രദേശ് എന്നിവയാണ് ഇന്ത്യയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇതുവരെ രാജ്യത്ത് 32.5 ലക്ഷം പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69, 000 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള അമേരിക്കയില്‍ 62.75 ലക്ഷം കൊവിഡ് രോഗികളാണ് ഉള്ളത്. ഇന്ത്യയേക്കാൾ 20 ലക്ഷം രോഗികളാണ് ഇവിടെ കൂടുതലുള്ളത്. ലോകത്താകമാനം 2.7 കോടി കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.