ജനീവ: ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ എണ്ണം 30 ദശലക്ഷം (3 കോടി) കവിഞ്ഞതായി അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം കൊവിഡ് മരണം ഒന്‍പത് ലക്ഷത്തി നാല്പതിനായിരം (940,000) കവിഞ്ഞു. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍ യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവയാണ്. എന്നാല്‍ യൂറോപ്പിലാകെ വൈറസ് ബാധ രൂക്ഷമാണ്.
പല വടക്കന്‍ രാജ്യങ്ങളിലും ശീതകാലം അടുക്കുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. യുകെയില്‍, രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയാനായി നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരു ദശലക്ഷത്തിലധികം കേസുകള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ പരിശോധന നിരക്ക് വളരെ കുറവാണ്.