ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ദുൽഖർ സൽമാൻ 'കുറുപ്പ്' റെക്കോർഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ സിനിമയാണ് ‘കുറുപ്പ്’. 35 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഒടിടി റിലീസിന് എത്തുന്നു എന്നത് ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന കാര്യം കൂടിയാണ്.
തീയറ്ററുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ കേരളത്തിലെ തീയറ്ററുകൾ അടുത്ത വർഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളുരു, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'മൂത്തോൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.