LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബംഗാളിൻ്റെ വേർപടർപ്പുകളിലേക്ക് 'റൂപ്സാ നദി ശാന്തമായി ഒഴുകുന്നു' - ഡോ. ആസാദ്

രാഷ്ട്ര നിര്‍മ്മാണത്തിന് ജീവത്യാഗം ചെയ്ത കമ്യൂണിസ്റ്റ് നേതാക്കളെ ബംഗ്ലാദേശ് സിനിമ ഓര്‍ക്കുന്നു. ആദരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ബംഗ്ലാദേശ് സിനിമ നൂറ്റാണ്ടിന്റെ ഉജ്ജ്വലമായ ഓര്‍മ്മകളെയാണ് തിരിച്ചുപിടിക്കുന്നത്. തന്‍വീര്‍ മൊകമ്മലിന്റെ ഏഴാമത്തെ സിനിമയായ 'റൂപ്സാ നദി ശാന്തമായി ഒഴുകുന്നു' ആണിത്. സര്‍ക്കാറും ജനങ്ങളും പണവും പ്രോത്സാഹനം നല്‍കി സാദ്ധ്യമാക്കിയ സംരംഭം. കഴിഞ്ഞ ഡിസംബറില്‍ ആദ്യപ്രദര്‍ശനത്തിനെത്തി. ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ കണ്‍ട്രി ഫോക്കസിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.

1942 ലെ,ക്ഷാമം, 1946ലെ വര്‍ഗീയ കലാപങ്ങള്‍, 1947ലെ വിഭജനം, 1952ലെ ഭാഷാ കലാപം, 1954ലെ തെരഞ്ഞെടുപ്പ്, 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധം എന്നിങ്ങനെ ചരിത്രത്തിലെ പ്രധാന ഘട്ടങ്ങളിലൂടെ കഥ കടന്നു പോകുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവും വളര്‍ച്ചയും തേഭാഗ സമരവും പാര്‍ട്ടി നിരോധനവും മര്‍ദ്ദനവും കൂട്ടക്കൊലയും അതിജീവനവും പ്രമേയമാകുന്നു. മനോബ് മൂഖര്‍ജി എന്ന കമ്യൂണിസ്റ്റ്  നേതാവാണ് കേന്ദ്ര കഥാപാത്രം. ഖുല്‍നയിലെ സഖാവ് ബിഷ്ണു ചാറ്റര്‍ജിരുടെ ജീവിതമാണ് ഈ ബയോപിക് ആവിഷ്കാരത്തിന്റെ സത്ത. 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് സെക്രട്ടറി മുഹമ്മദ് ഫര്‍ഹാദ് പറഞ്ഞത് ബിഷ്ണു ചാറ്റര്‍ജിയെപ്പോലെ നൂറ്റി മുപ്പത്തിയാറു ത്യാഗി വര്യന്മാരായ സംഘാടക നേതാക്കളാണ് നഷ്ടമായത് എന്നാണ്. കൊലചെയ്യപ്പെട്ടവര്‍. നാടു കടത്തപ്പെട്ടവര്‍. തടവറയില്‍ ജീവിതം ഹോമിച്ചവര്‍. ഒരഭിമുഖത്തില്‍ തന്‍വീര്‍ ഇത് പറയുന്നുണ്ട്. ബിക്രംപൂരിലെ ജിതന്‍ ഘോഷ്, ധാക്കയിലെ ഗ്യാന്‍ ചക്രവര്‍ത്തി, ഖുല്‍നയിലെ രതന്‍ സെന്‍ എന്നിവരുടെ ജീവിതവും മനോബിന്റെ കഥയുടെ ഭാഗമാക്കുന്നുണ്ട് തന്‍വീര്‍.

ഇന്ത്യയിലെങ്ങുമെന്നപോലെ കര്‍ഷകരെ ഒന്നിപ്പിച്ചുള്ള സമരമുന്നേറ്റമാണ് ബംഗാളിലും കണ്ടത്. അതിനു രാഷ്ട്രീയ ദിശാബോധം നല്‍കാന്‍ മുസഫര്‍ അഹമ്മദിനെപ്പോലെ നേതാക്കളുണ്ടായി. ജന്മിമാരും മത പൗരോഹിത്യവും ബ്രിട്ടീഷ് ഭരണകൂടവും ലജ്ജകൂടാതെ അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ട നാളുകളാണത്. പൊരുതിക്കയറിയ വയലുകളിലെല്ലാം ചെങ്കൊടി പാറി. തേഭാഗാ സമരത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച അപ്രതിരോധ്യമായി. എന്നാല്‍ ബംഗാള്‍ വിഭജനം സ്ഥിതി മാറ്റി മറിച്ചു. ഹിന്ദു ജന്മിമാരില്‍നിന്നുള്ള മോചനം പാക്കിസ്ഥാന്‍ രൂപീകരണമാണെന്നും തേഭാഗ സമര മുദ്രാവാക്യത്തെക്കാള്‍ നേട്ടം നല്‍കുമെന്നും പ്രചാരണമുണ്ടായി. സമൂഹം കലങ്ങി മറിഞ്ഞു. വിഭജനത്തോടെ ഹിന്ദുക്കള്‍ കിഴക്കന്‍ ബംഗാള്‍വിട്ടു ഇന്ത്യയുടെ ഭാഗമായി. അഭയാര്‍ത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹം.

കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടു. കൂട്ടക്കൊലകളുണ്ടായി. എന്നിട്ടും അതിജീവിക്കുകയാണ് പാര്‍ട്ടി. ബംഗ്ലാദേശ് ചരിത്രത്തിലെ തിളക്കമാര്‍ന്ന താളുകളാണ് അതിജീവനത്തിന്റെ ആ സഹനകാലം. അതു പകര്‍ത്തുകയാണ് തന്‍വീര്‍. ഈ സിനിമയുടെ മൂലധനം കണ്ടെത്തിയത് സര്‍ക്കാറില്‍നിന്നും പൊതുസമൂഹത്തില്‍നിന്നുമാണ്. അമ്പതു ലക്ഷം സര്‍ക്കാര്‍ നല്‍കി. ഏകദേശം അത്രതന്നെ ജനങ്ങള്‍ പിരിച്ചു നല്‍കി. ബംഗാളിന്റെ തനത് ചോദനകള്‍ അവരില്‍ തുടിച്ചുകാണണം.

പടിഞ്ഞാറന്‍ ബംഗാളിലും ത്രിപുരയിലും കടന്നെത്തിയ അഭയാര്‍ത്ഥികള്‍ ബംഗാളിന്റെ മക്കളാണ്. അവരുടെ ദേശീയതയില്‍ അതുണ്ട്. മതദേശീയതയുടെ വികാരങ്ങള്‍ക്കു കീഴ്പ്പെടാത്ത ഒരു മതേതര വിപ്ലവ മനസ്സാണത്. ബംഗാളിന്റെ മനസ്സുണരാന്‍ ആനന്ദമഠം മതിയാവില്ലെന്ന് മനോബ് പറയുന്നുണ്ട്. പാക്കുദേശീയതയ്ക്കും ഭാഷാ കടന്നു കയറ്റത്തിനും അതു സാദ്ധ്യമായില്ല. രണ്ടു സങ്കുചിത ദേശീയതകള്‍ക്കിടയില്‍ കമ്യൂണിസ്റ്റുകാര്‍ തെളിച്ചു വെച്ച ഒരു മതേതര ദേശീയതയുണ്ട്. അതു കണ്ടെത്തി കാണിക്കുന്നു തന്‍വീര്‍. ബംഗാളി മുസ്ലീങ്ങളെ പാക്കു ദേശീയതാസന്ദേഹങ്ങളില്‍നിന്നു വിമുക്തമാക്കി ബംഗാള്‍ വികാരത്തിലേക്ക് എത്തിക്കാന്‍ 1971ല്‍ ഏറെക്കുറെ സാദ്ധ്യമാകുന്നുണ്ട്. എന്നാല്‍ മതരാഷ്ട്ര ബോധത്തിന്റെ ബംഗാള്‍പകര്‍പ്പു സൃഷ്ടിക്കപ്പെടുന്നതിന്റെ തടസ്സങ്ങളുമുണ്ട്.

കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച തന്‍വീര്‍ മൊകമ്മല്‍ ധാക്കാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ 'ഏകതോ'യില്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനം. കുറെകൂടി ചെയ്യാനുള്ളത് ദൃശ്യവിനിമയ രംഗത്താണെന്നു തിരിച്ചറിഞ്ഞു. പതിനഞ്ചു ഡോക്യുമെന്ററികളും ഏഴു ഫീച്ചര്‍ സിനിമകളും എടുത്തു. ഇപ്പോള്‍ ഷെയ്ക് മുജീബ് റഹ്മാന്റെ ബയോപിക് ചിത്ര സംരംഭത്തിലാണ്.

നൂറുകണക്കിനു കര്‍ഷകരെ അണിനിരത്തിയാണ് റൂപ്സാ നദിക്കരയിലെ വിപ്ലവഗാഥ തന്‍വീര്‍ പുനര്‍ നിര്‍മ്മിച്ചത്. കിഴക്കന്‍ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യവും കാര്‍ഷിക ജീവിതവും വര്‍ഗ വേര്‍തിരിവുകളും വയല്‍സമൃദ്ധിയും വെളിപ്പെടുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ കഥകൂടിയാണിത്. മനോബിന്റെ കുട്ടിക്കാലവും വിപ്ലവചിന്തയിലേക്കുള്ള വളര്‍ച്ചയും രബീന്ദ്ര സംഗീതത്തോടുള്ള ആത്മബന്ധവും പ്രണയവും തടവും, സമരവും ഇതളുകളായി വിരിഞ്ഞു നില്‍ക്കുന്നു. ക്ഷാമകാലത്തു നെല്ലളന്നു കൊടുക്കുന്ന മനോബിനെ നാം കരിവെള്ളൂരിലോ മറ്റോ കണ്ടതുപോലെ.

യുദ്ധകാല ഗുണ്ടാവിളയാട്ടത്തില്‍ കൊലചെയ്യപ്പെടുകയാണ് മനോബ്. പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നേരിട്ട പതിയിരുന്നുള്ള അക്രമമായിരുന്നു അത്. എപ്പോഴും ഒരു ലക്ഷ്യമുണ്ട് കമ്യൂണിസ്റ്റുകാരന്, നിരാശപ്പെടാനോ വിശ്രമിക്കാനോ നേരമില്ല എന്ന് മനോബ് കരുതി. മാതൃകാ നേതാക്കളില്ലാതാകുന്ന വര്‍ത്തമാന കാലത്ത് ഇവരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നത് ഒരു വിപ്ലവ പ്രവര്‍ത്തനം തന്നെ. സീനത് ഖാന് നല്‍കിയ അഭിമുഖത്തില്‍ മിലാന്‍ കുന്ദേരയെ ഉദ്ധരിക്കുന്നുണ്ട് തന്‍വീര്‍. The struggle of people against power is the struggle of memories against forgetting”.

എല്ലായിടത്തും ഭരണകൂടം ചരിത്രത്തെ വളച്ചൊടിക്കും. ദുരുപയോഗം ചെയ്യും. പുതു തലമുറ പുത്തനാഖ്യാനങ്ങള്‍ക്കു താഴെ വിമര്‍ശനയുക്തികൊണ്ടു കുഴിച്ചു നോക്കുന്നില്ല. ലോകമെങ്ങും ഈ ചരിത്രനിരാസം നടക്കുന്നു. അതിനാല്‍ ചരിത്രത്തിലേക്കു നീങ്ങല്‍ പുരോഗമന വൃത്തിയാകുന്നു. തന്‍വീറിന്റെ പ്രമാണമാണത്. റൂപ്സാനദിയോരത്ത് അദ്ദേഹം കുഴിച്ചെടുക്കുന്നത് ബംഗാളിന്റെ വേര്‍പടര്‍പ്പുകളാണ്.

Contact the author

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More