ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി. ഓസ്കാര്‍ പുരസ്കാരത്തിനായുളള ഇന്ത്യയുടെ എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. അക്കാദമി പുറത്തിറക്കിയ 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ ചിത്രത്തിനായില്ല. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
എസ്. ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്. 2019 ഒക്ടോബറിലാണ് ചിത്രം പുറത്തിറങ്ങിയത്. 2011-ല്‍ ആദാമിന്റെ മകന് അബുവിനുശേഷം ആദ്യമായി ഓസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളത്തില്‍ നിന്നുള്ള ചിത്രമായിരുന്നു ജല്ലിക്കട്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരമുള്‍പ്പെടെ നിരവധി രാജ്യാന്തര ചലചിത്ര അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു.