തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ടുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ നിയമ തടസമുണ്ട്, ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തല കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇരട്ട വോട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നിങ്ങനെയുള്ള അവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരട്ടവോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപെട്ട് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീ ഷന്റെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയെന്ന ഉദ്ദേശവും കോടതിയെ സമീപിച്ചതിലൂടെ ചെന്നിത്തല ലക്ഷ്യം വെക്കുന്നുണ്ട്.
വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് കണ്ടുപിടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉദ്ധ്യോഗസ്ഥരാണ്. രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകരമാണ് സോഫ്റ്റ്വെയര് തയാറാക്കിയത്. പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാ സാമ്യങ്ങളും കണ്ടുപിടിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് സോഫ്റ്റ്വെയറില് ഉപയോഗിച്ചിരുന്നത്. ഈ പരിശോധനയില്‍ 4 ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ കണ്ടുപിടിച്ച വിവരങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ് ചെന്നിത്തല കൈമാറിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചത്.