LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ദീദിയില്ലാതെ ജീവിക്കാനാവില്ല'; തൃണമൂലിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി ബിജെപി നേതാവ്

കൊല്‍ക്കത്ത: ദീദിയില്ലാതെ ജീവിക്കാനാവില്ല, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് സോണാലി ഗുഹ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് മാറിയ മുന്‍ തൃണമൂല്‍ എംഎല്‍എയാണ് ഇപ്പോള്‍ തൃണമൂലിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതായി വ്യക്തമാക്കി മമതാ ബാനര്‍ജിക്ക് കത്തെഴുതിയത്. സോണാലി ഗുഹ തന്നെ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുളള തീരുമാനമെടുത്തത് തെറ്റായിപ്പോയി. വൈകാരികമായി എടുത്ത തീരുമാനമാണത്. എനിക്ക് അവിടെ നില്‍ക്കാന്‍ സാധിക്കുന്നില്ല. ഒരു മത്സ്യത്തിന് വെളളത്തില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല എന്നതുപോലെ നിങ്ങളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല ദീതി. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. തിരിച്ചുവരാനും എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങളുടെയൊപ്പം ചിലവഴിക്കാനും അനുവദിക്കൂ' സോണാലി ട്വീറ്റ് ചെയ്തു.

ബിജെപിയില്‍ ചേരാനുളള തന്റെ തീരുമാനം തെറ്റായിരുന്നു. ഇന്ന് അത് മനസിലാവുന്നുണ്ട്. താനെന്നും ബിജെപിയില്‍ അനാവശ്യമായ ഒരാളാണെന്ന് തോന്നി. അവര്‍ മമത ബാനര്‍ജിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്താനും പറഞ്ഞു. എനിക്കതിന് സാധിച്ചില്ല. താന്‍ തൃണമൂലില്‍ ചേരാനായി മമത ബാനര്‍ജിയെ കാണാനാഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മമതാ ബാനര്‍ജിയുടെ നിഴലുപോലെ കൂടെ നിന്നിരുന്ന നേതാവായിരുന്നു സോണാലി ഗുഹ. നാലു തവണ എംഎല്‍എ ആയ സോണാലി തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ ഉപേക്ഷിച്ച് ബിജെപിയിലേക്ക് പോയ നേതാക്കളില്‍ ഒരാളാണ്. തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇത്തവണ സോണാലിയുടെ പേരുണ്ടായിരുന്നില്ല ഈ വൈകാരിക പ്രകോപനം മൂലമാണ് സോണാലി ബിജെപിയിലേക്ക് പോയത്.

Contact the author

National Desk