ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനിഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും. കേസില്‍ ബിനിഷ് കോടിയേരിയുടെ വാദം പൂര്‍ത്തിയായി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില്‍ തന്നെപ്രതി ചേര്‍ത്തിട്ടില്ല, അതിനാല്‍ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ല. കൂടാതെ, ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് കോടതിയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
ഇഡിയുടെ മറുപടി വാദം വെള്ളിയാഴ്ച്ചയാണ്. കേസ് പതിമൂന്നാം തവണയാണ് കോടതിയില്‍ എത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനിഷ് അറസ്റ്റിലായിട്ട് 9 മാസം പിന്നിട്ടു.
അക്കൗണ്ടിലെ 5 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കിയാൽ ജാമ്യം അനുവദിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലുള്ള അനീഷുമായി ബന്ധമില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
ബിനീഷിന്‍റെ അക്കൗണ്ടിലെ പണം പച്ചക്കറി മൊത്തക്കച്ചവടത്തിലൂടെയാണ് ലഭിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല. 2020 ഒകടോബര്‍ 29നാണ് ബിനിഷിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബിനീഷ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.