ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി.കെ ബാനർജി(83)അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം . ശ്വാസകോശ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 84 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി പി കെ ബാനർജിയെയാണ് ഫിഫ തെരഞ്ഞെടുത്ത്. 1961 ൽ അർജുന അവാർഡും, 1990 ൽ പത്മശ്രീയും നേടിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലമായ 1955 മുതൽ പത്ത് വർഷത്തോളം ഇന്ത്യയുടെ മുന്നേറ്റ നിരയെ പി കെ ബാനർജിയാണ് നയിച്ചത്. ഫുട്ബോളിൽ നാലാം സ്ഥാനം നേടിയ 1956 ലെ മെൽബൺ ഒളിമ്പിക് ടീമിൽ അംഗമായിരുന്നു ബാനർജി. 62 ലെ ഏഷ്യാഡിൽ കൊറിയക്കെതിരായ മത്സരത്തിൽ ബാനർജിയായിരുന്നു ഇന്ത്യക്കായി വിജയഗോൾ നേടിയത്.1960 ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ചു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഫിഫ 2004 ൽ ഓർഡർ ഓഫ് മെറിറ്റ് നൽകി ബാനർജിയെ ആദരിച്ചു