മുംബൈ: മുംബൈ നഗരത്തില്‍ ഇന്നലെ വൈകീട്ടോടെ തുടങ്ങിയ കനത്ത മഴയിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലുമായി 21 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. രക്ഷപ്പെടുത്താന്‍ കഴിയാതെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവും എന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. മുംബൈയിലെ ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ 17 പേരാണ് മരണപ്പെട്ടത്. 15 ഓളം പേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന (NDRF) യുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 8 പേരെങ്കിലും മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലുമായി ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്ത്കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് എന്‍ഡിആര്‍എഫിന്‍റെ നിഗമനം.
കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മുബൈയിലെ വിക്രോളിയില്‍ കെട്ടിടം തകര്‍ന്ന് 5 പേര്‍ മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ ആരംഭിച്ച കനത്ത മഴ ഇടര്‍ച്ചകളോടെ മുംബൈ നഗരത്തില്‍ തുടരുകയാണ്. അതിശക്തമായ മഴയാണ് കുറഞ്ഞ മണിക്കൂറുകള്‍ക്കകം ലഭിച്ചത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 മണിക്കൂറിനകം 120 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ബാന്ദ്ര, കൊളാബ, സാന്താക്രൂസ് എന്നിവിടങ്ങളിലും മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. 6 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയാണ് നഗരത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്ത നാലഞ്ചു ദിവസങ്ങള്‍ കൂടി മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ നിഗമനം. ട്രാക്കില്‍ വെള്ളവും ചെളിയും കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയും വെസ്റ്റേണ്‍ റെയില്‍വെയും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുംബൈ നഗരത്തിലാകെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.