മുംബൈ: അശ്ലീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം നടി ശില്‍പ്പാ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാവുന്നു. അമേരിക്കന്‍ എഴുത്തുകാരന് ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഒരു പേജാണ് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'കഴിഞ്ഞ കാലത്തെ ദേഷ്യത്തോടെയും വരുംകാലത്തെ ഭയത്തോടെയുമല്ല ജാഗ്രതയോടെയാണ് നോക്കിക്കാണേണ്ടത്' എന്നായിരുന്നു പേജിലെ ആദ്യ വാചകം.
'ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവതിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ദീര്ഘനിശ്വാസമെടുക്കുന്നു. മുന്‍പും പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികളെയും അതിജീവിക്കും ഇന്നത്തെ എന്റെ ജീവിതം ജീവിക്കാന്‍ അതൊന്നും തന്നെ തടസമാവുന്നില്ല' തുടങ്ങിയ വരികളും ശില്‍പ്പാ ഷെട്ടി ഷെയര്‍ ചെയ്ത പോസ്റ്റിലുണ്ട്.
അതേസമയം, രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡില്‍ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനോട് രാജ് കുന്ദ്ര പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് രാജ് കുന്ദ്രയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.