മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി ആരോപിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് രാജ് കുന്ദ്രയ്ക്കെതിരായ ആരോപണം നടി ഉന്നയിച്ചത്.
2019-ല്‍ ഒരു പ്രൊപ്പോസലിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാജ് കുന്ദ്ര തന്റെ ബിസിനസ്സ് മാനേജറെ വിളിച്ചു. 2019 മാര്‍ച്ചില്‍ നടന്ന ഒരു ബിസിനസ്സ് മീറ്റിംഗിനുശേഷം രാജ് കുന്ദ്ര തന്റെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ വരികയും തന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ഷെര്‍ലിന്‍ പരാതിയില്‍ പറയുന്നത്. വിവാഹതിനായ ഒരു പുരുഷനുമായി തനിക്ക് അത്തരത്തില്‍ ഒരു ബന്ധം താല്‍പ്പര്യമില്ലായിരുന്നു, ബിസിനസിനെ മറ്റുകാര്യങ്ങളുമായി കൂട്ടിക്കുഴക്കാന്‍ താന്‍ തയാറല്ലായിരുന്നു എന്നും ഷെര്‍ലിന്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു.
ജൂലൈ 19-നാണ് രാജ് കുന്ദ്രയെ അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് രാജ് കുന്ദ്ര.